---
title: "ജീജിത്തിൻ്റെ മരണത്തിൽ വിറങ്ങലിച്ച് മനേക്കര ; അപകടത്തെ തുടർന്ന് ജീജിത്തിനെ യുവാക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്"
english_title: "Manekkara is saddened by Jeejith's death; Footage of Jeejith being beaten up by youths after the accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161458/Manekkara is saddened by Jeejith's death; Footage of Jeejith being beaten up by youths after the accident"
published_at: "2023-11-11T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654fbdd828885_IMG-20231111-WA0127.jpg"
keywords: []
---

# ജീജിത്തിൻ്റെ മരണത്തിൽ വിറങ്ങലിച്ച് മനേക്കര ; അപകടത്തെ തുടർന്ന് ജീജിത്തിനെ യുവാക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** ജീജിത്തിൻ്റെ മരണത്തിൽ വിറങ്ങലിച്ച് മനേക്കര ; അപകടത്തെ തുടർന്ന് ജീജിത്തിനെ യുവാക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നടുക്കം മാറാതെ മനേക്കര.

## Article Content

ജീജിത്തിൻ്റെ മരണത്തിൽ വിറങ്ങലിച്ച് മനേക്കര ; അപകടത്തെ തുടർന്ന് ജീജിത്തിനെ യുവാക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നടുക്കം മാറാതെ മനേക്കര.

മനേക്കര വായനശാലക്ക് സമീപം പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. തലശേരി പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം.

വടകര - തലശ്ശേരി റൂട്ടിൽ ഓടുന്ന ‘ഭഗവതി’ ബസാണ് അപകടത്തിൽപ്പെട്ടത്. വടകര ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിനു സമീപത്തുവച്ച് റോഡിൽകൂടി നടന്നുപോകുകയായിരുന്ന മുനീർ എന്നയാളെ ഇടിച്ചു.

അപകടത്തിനു പിന്നാലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്ത‌ിനെ പിന്നാലെ ഓടി ചില യുവാക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മർദനം ഭയന്ന് ഓടിയ ജീജിത്ത് റെയിൽവേ ട്രാക്ക് മറിക്കടക്കവെ കുതിച്ചെത്തിയ എമു ട്രെയിൻ ഇടിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയെങ്കിലും ജീജിത്ത് തൽക്ഷണം മരിച്ചു.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കാലിന് പരുക്കേറ്റ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയപറമ്പത്ത് വാസു - പരേതയായ നളിനി ദമ്പതികളുടെ മകനാണ്. തുളസിയാണ് ഭാര്യ. അൻസിന, പരേതയായ നിഹ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161458/Manekkara is saddened by Jeejith's death; Footage of Jeejith being beaten up by youths after the accident)